Monday, October 6, 2008

ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍

ഊതനിറവും ചെറുകാലുകളും ചീര്‍ത്ത ശരീരവുമുള്ള 'നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌' എന്ന തവളയ്‌ക്ക്‌ വെറും മൂന്നിഞ്ച്‌ നീളമേയുള്ളൂ. എന്നാല്‍, 13 കോടി വര്‍ഷത്തെ പരിണാമകഥ അതിന്റെ ഡി.എന്‍.എ.യില്‍ എഴുതപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു ഫോസിലാണത്‌. കട്ടപ്പനയില്‍നിന്ന്‌ കണ്ടെത്തിയ ഈ തവളയുടെ ജനിതകചരിത്രം ചെന്നുനില്‍ക്കുന്നത്‌ ഗോണ്ട്വാനയുടെ തീരത്താണ്‌.
കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കുക. അത്ഭുതകരമായ ഒരു കണ്ടെത്തലാകുമത്‌. മലയാളി ഗവേഷകനായ ഡോ.എസ്‌.ഡി.ബിജുവും ബെല്‍ജിയംകാരന്‍ ഡോ.ഫ്രാങ്കി ബോസ്സയറ്റും ചേര്‍ന്ന്‌ ലോകത്തിന്‌ മുന്നിലവതരിപ്പിച്ച പുതിയൊരിനം തവള, ഈ അത്ഭുത്തെ യാഥാര്‍ഥ്യമാക്കുന്നു. കൂര്‍ത്ത മൂക്കുള്ള തവളയെ സഹ്യാദ്രിയില്‍നിന്നാണ്‌ കണ്ടെത്തിയത്‌ എന്നതിനാല്‍, 'നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌' എന്നാണിതിന്‌ പേരിട്ടിട്ടുള്ളത്‌.

ഊതനിറവും ചെറുകാലുകളും ചീര്‍ത്ത ശരീരവുമുള്ള ഈ തവളയ്‌ക്ക്‌ വെറും മൂന്നിഞ്ച്‌ നീളമേയുള്ളൂ. എന്നാല്‍, 13 കോടി വര്‍ഷത്തെ പരിണാമകഥ അതിന്റെ ഡി.എന്‍.എ.യില്‍ എഴുതപ്പെട്ടിരിക്കുന്നു എന്ന്‌ കണ്ടെത്തിയിടത്താണ്‌ ഡോ.ബിജുവിന്റെയും ഡോ.ബോസ്സയറ്റിന്റെയും വിജയം. 'ജീവിച്ചിരിക്കുന്ന ഫോസില്‍' എന്ന വിശേഷത്തോടെയാണ്‌, 'നേച്ചര്‍' മാസികയുടെ പുതിയ ലക്കം ഈ തവളയെ അവതരിപ്പിക്കുന്നത്‌.

തിരുവനന്തപുരത്ത്‌ പാലോട്‌ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടി (ടി.ബി.ജി.ആര്‍.ഐ) ലെ ഗവേഷകനായ ഡോ.ബിജു, യാദൃശ്ചികമായാണ്‌ ഈ അപൂര്‍വ ജീവിയെ ആദ്യം കണ്ടത്‌. `1999-ലായിരുന്നു അത്‌. കോട്ടയം ജില്ലയില്‍ ഒരു കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍`-ഇപ്പോള്‍ ബ്രിട്ടീഷ്‌ നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍ പരിശീലനം നേടുന്ന ഡോ.ബിജു, ലണ്ടനില്‍ നിന്നയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. പിന്നീട്‌ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന്‌ ഇതേയിനം തവളയെ കണ്ടുകിട്ടി. ബ്രസ്സല്‍സില്‍ ഫ്രീയൂണിവേഴ്‌സിറ്റിയിലെ പരിണാമജൈവശാസ്‌ത്രജ്ഞനായ ഡോ.ബോസ്സയറ്റിനൊപ്പം പുതിയ തവളയുടെ ജനിതക സവിശേഷത പഠിച്ചപ്പോഴാണ്‌, താന്‍ കണ്ടെത്തിയിരിക്കുന്നത്‌ ഒരു സാധാരണ തവളയെയല്ല എന്ന്‌ ഡോ.ബിജുവിന്‌ ബോധ്യമായത്‌.

ലോകത്ത്‌ 4800 തവളയിനങ്ങളെ ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. 29 കുടുംബങ്ങളിലായി അവ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. പുതിയൊരു തവള കുടുംബത്തെ ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌ 1926-ലാണ്‌. അറിയപ്പെടുന്ന ഒരു തവളകുടുംബമായും, 'സഹ്യാദ്രേന്‍സിസി'ന്‌ സാമ്യമില്ല എന്ന തിരിച്ചറിവ്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ വഴിവെച്ചു. ഒടുവില്‍ പുതിയ തവളയുമായി വിദൂരമായി ജനിതകസാമ്യമുള്ള ഒരിനം, കേരളതീരത്തുനിന്ന്‌ 3000 കിലോമീറ്റര്‍ അകലെ ഇന്ത്യാമഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന സെയ്‌ഷെല്‍സ്‌ ദ്വീപസമൂഹത്തിലുണ്ടെന്ന്‌ ഡോ.ബിജുവും ഡോ.ബോസ്സയറ്റും കണ്ടെത്തി. 'സൂഗ്ലോസ്സിഡെ'യെന്ന ആ തവളവര്‍ഗവും സാഹ്യാദ്രേന്‍സിസും ഏതാണ്ട്‌ 13 കോടിവര്‍ഷം മുമ്പാണ്‌ വേര്‍പിരിഞ്ഞതെന്നും പഠനങ്ങള്‍ സൂചന നല്‍കി. ദിനോസറുകള്‍ ഭൂമിയില്‍ വിഹരിച്ചിരുന്ന ആ കാലം മുതല്‍, ഡോ.ബിജു കണ്ടെത്തിയ തവളവര്‍ഗം വലിയ മാറ്റമൊന്നും കൂടാതെ നിലനിന്നു.

നിലവിലുള്ളതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു കുടുംബത്തില്‍ പെടുന്നതാണ്‌ പുതിയ തവളയെന്ന്‌ ഗവേഷകര്‍ തീരുമാനത്തിലെത്തി. അങ്ങനെ ഡോ.ബിജുവിന്റെ കണ്ടെത്തല്‍ വഴി, ഭൂമുഖത്തെ അറിയപ്പെടുന്ന തവള കുടുംബങ്ങളുടെ എണ്ണം 30 ആയി. 'നാസികബട്രാച്ചിഡേ'യെന്നാണ്‌ പുതിയ കുടുംബത്തിന്റെ പേര്‌. `പലരും ഈ തവളയെ കണ്ടിട്ടുണ്ടാകാം. പക്ഷേ, ആരും അതിനെപ്പറ്റി പഠിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല`-നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. `ഈ തവള അങ്ങനെ പുറത്തിറങ്ങാറില്ല. മണ്‍സൂണ്‍ കാലത്ത്‌ വെറും രണ്ടാഴ്‌ച മാത്രമാണ്‌ ഇവയെ പുറത്തുകാണുക. അതു കഴിഞ്ഞാല്‍ ഇവ മുങ്ങും`. അതുകൊണ്ടാവാം ശാസ്‌ത്രത്തിന്റെ കണ്ണില്‍പ്പെടാതെ ഇത്രകാലവും ഈ തവളയ്‌ക്ക്‌ കഴിയാന്‍ സാധിച്ചിട്ടുണ്ടാവുക.

ഗോണ്ട്വാനയിലേക്ക്‌ നീളുന്ന ജനിതകവഴികള്‍

പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ തവളയുടെ അകന്ന ബന്ധുക്കള്‍ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെ സെയ്‌ഷെല്‍സ്‌ ദ്വീപുകളില്‍ എങ്ങനെയെത്തി ? ഈ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌, ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ജൈവശാസ്‌ത്രപരമായ ഒന്ന്‌ എന്നതിലുപരി, ഒരു ഭൗമശാസ്‌ത്രസിദ്ധാന്തത്തിന്റെ സുപ്രധാന തെളിവായി മാറുന്നത്‌. കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ദക്ഷിണാര്‍ധഗോളത്തിലെ 'ഗോണ്ട്വാന'യെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യ. 16 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗോണ്ട്വാന രണ്ടായി പിളര്‍ന്നു വേര്‍പെട്ടു. അതില്‍ ഒരുഭാഗം വീണ്ടും പിളര്‍ന്ന്‌ ഒഴുകി നീങ്ങി തെക്കെ അമേരിക്കയും ആഫ്രിക്കയും ആയി രൂപപ്പെട്ടു.

ഗോണ്ട്വാനയുടെ രണ്ടാമത്തെ ഭാഗം ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക, ഇന്തോ-മഡഗാസ്‌ക്കര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു. 13 കോടിവര്‍ഷം മുമ്പ്‌ ഈ ഖണ്ഡത്തില്‍ നിന്ന്‌ ഓസ്‌ട്രേലിയയും അന്റാര്‍ട്ടിക്കയും അടര്‍ന്നു വേര്‍പെട്ടു. (തവളവര്‍ഗമായ നാസികബട്രാച്ചിഡെയും സൂഗ്ലോസ്സിഡെയും ഇന്തോ-മഡഗാസ്‌ക്കര്‍ ഖണ്ഡത്തിലാണ്‌ കാണപ്പെട്ടിരുന്നത്‌). അവശേഷിച്ച ഭാഗത്തുനിന്ന്‌ ഒന്‍പതുകോടി വര്‍ഷം മുമ്പ്‌ മഡഗാസ്‌ക്കര്‍ വേര്‍പെട്ടു. ഇന്ത്യയും സെയ്‌ഷെല്‍സും ഒന്നായി അവശേഷിച്ചു. ഇവ വേര്‍പെടുന്നത്‌ ആറരക്കോടി വര്‍ഷം മുമ്പാണ്‌. സെയ്‌ഷെല്‍സ്‌ ഇന്ത്യാമാഹാസമുദ്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ടുള്ള യാത്ര തുടര്‍ന്നു. അഞ്ചരക്കോടി വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയില്‍ അമര്‍ന്നു. ആ സമ്മര്‍ദഫലമായാണ്‌ ഹിമാലയം രൂപപ്പെടാനാരംഭിച്ചത്‌.

സെയ്‌ഷെല്‍സ്‌ ദ്വീപുകളിലും സഹ്യപര്‍വതത്തിലും കാണപ്പെടുന്ന തവളകള്‍ക്ക്‌ ജനിതകബന്ധം ഉണ്ടായതെങ്ങനെയെന്ന്‌ ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ പൊട്ടിയടരല്‍ സൂചന നല്‍കുന്നു. തിരിച്ചു ചിന്തിച്ചാല്‍ ഗോണ്ട്വാനയെ സംബന്ധിച്ച ഭൗമശാസ്‌ത്ര സിദ്ധാന്തത്തിന്‌ പുതിയ തവളയുടെ കണ്ടെത്തല്‍ ശക്തമായ പിന്തുണ നല്‍കുന്നു എന്നാണര്‍ഥം. കട്ടപ്പനയില്‍നിന്ന്‌ കണ്ടെത്തിയ തവളയുടെ ജനിതകചരിത്രം ചെന്നുനില്‍ക്കുന്നത്‌ ഗോണ്ട്വാനയുടെ തീരത്താണ്‌. ഡോ.ബിജുവിന്റെ കണ്ടെത്തലിനെ 'അസാധാരണം' എന്ന്‌ വിശേഷിപ്പിക്കാന്‍ ലോകമാധ്യമങ്ങള്‍ മത്സരിച്ചതിന്‌ കാരണം മറ്റൊന്നല്ല. (ഫോട്ടോ കടപ്പാട്‌: സാലി പാലോട്‌).

-മാതൃഭൂമി വാരാന്തപ്പതിപ്പ്‌, നവംബര്‍2, 2003

കാണുക: പശ്ചിമഘട്ടത്തിലെ തവളകളെത്തേടി, ഡോ.എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതി

3 comments:

Joseph Antony said...

കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കുക. അത്ഭുതകരമായ ഒരു കണ്ടെത്തലാകുമത്‌. മലയാളി ഗവേഷകനായ ഡോ.എസ്‌.ഡി.ബിജുവും ബെല്‍ജിയംകാരന്‍ ഡോ.ഫ്രാങ്കി ബോസ്സയറ്റും ചേര്‍ന്ന്‌ ലോകത്തിന്‌ മുന്നിലവതരിപ്പിച്ച പുതിയൊരിനം തവള, ഈ അത്ഭുത്തെ യാഥാര്‍ഥ്യമാക്കുന്നു.

വിചാരശൂന്യം said...

അത്ഭുതാദരങ്ങൾ... പരിശ്രമശാലികളായ ഡോ.ബിജുസാറിനും ഡോ.ഫ്രാങ്കി ബോസ്സയറ്റിനും അഭിനന്ദനങ്ങൾ.. ഒപ്പം ശ്രീ ജോസഫ് ആൻറണി സാറിനു നന്ദിയും .

വിചാരശൂന്യം said...

അത്ഭുതാദരങ്ങൾ... പരിശ്രമശാലികളായ ഡോ.ബിജുസാറിനും ഡോ.ഫ്രാങ്കി ബോസ്സയറ്റിനും അഭിനന്ദനങ്ങൾ.. ഒപ്പം ശ്രീ ജോസഫ് ആൻറണി സാറിനു നന്ദിയും .